2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

ഒളിച്ചുവെച്ച വരികൾക്കിടയിൽ 
ഞെരുങ്ങി മരിച്ച പ്രണയങ്ങളേ , 

ഒഴുക്കി വിട്ട പ്രണയപാച്ചിലുകൾ കണ്ട്‌
 ശപിച്ചൊടുക്കരുതെന്നെ!!!

കോമ്പസ്

അകലുമ്പോൾ ഹൃദയത്തിൽ ,
ഒത്ത നടുക്ക്‌ 
ഒരു മുറിപ്പാടുണ്ടാകുമെന്ന്
പഠിപ്പിച്ചതും നീ!!

ഹൃദയത്തോട്

പകുത്തെടുത്തിട്ടില്ല,
പങ്കുവെച്ചിട്ടുമില്ല!
നിനച്ചിരിക്കുന്നില്ല
നിനക്കുള്ളതൊന്നും.

പിടക്കാതെ പെണ്ണെ
പാന്ഥർ അറിയും നിൻ -
പിടക്കും മനസ്സിൻ വേദന.

മികച്ചതൊന്നില്ല പെണ്ണേ
തമ്മിൽ ഭേദമേയുള്ളു!
മുറുക്കിയുടുത്തോളൂ
വരിഞ്ഞടുപ്പിക്കും മുൻപ്‌!

മൗനം അണകെട്ടുന്നുണ്ട്‌,
പൊട്ടിത്തെറിപ്പിക്കാതെ,
 ഹൃദയം ,പട്ടുനൂൽ പോലെ നേർത്തതാണു
തൊട്ടുനോക്കിയിട്ടുണ്ടോ
 നീ തട്ടിയെടുക്കും മുൻപ്‌?!!

അലങ്കാരപാത്രങ്ങൾ തൂക്കിയിട്ടുണ്ട്‌,
ഭഗിയുള്ളവ പക്ഷെ പൊടിപിടിച്ചത്‌,
മിനുസ്സമുള്ളവ പക്ഷെ കാലം ചെന്നത്‌,
ഭംഗിയും മിനുസ്സവും ഉള്ളത്‌ : 
എനിക്കും നിനക്കും വേണ്ടത്‌!!
പോരുന്നൊ പെണ്ണെ ,

ഒരു മാരത്തൺ ,മനസ്സിൽ നിന്നു മനസ്സിലേക്ക്‌ ,
മാംസത്തിൽ തട്ടി വീഴാതെ
എന്നിൽ നിന്ന് നിന്നിലേക്ക്‌ ?!!

2014, ഏപ്രിൽ 2, ബുധനാഴ്‌ച

വണ്ടിക്കാള

ഒരു വണ്ടിക്കാള പുറപ്പെട്ടിട്ടുണ്ട്‌,

കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ്‌ കൂടെയുണ്ട്‌!

ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!

തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,

കുടിയിലെ കണ്ണുകൾ,

പട്ടിണിയുടെ ആവർത്തനത്തിൽ ,

സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!

കളഞ്ഞുപോയ സ്വപ്‌നങ്ങള്‍

അമാവാസിയിൽ കളഞ്ഞുപോയ
കുറച്ചു സ്വപ്നങ്ങളുണ്ട്‌,
പൗർണ്ണമിയിൽ തിരയുന്നുണ്ടുഞ്ഞാൻ
തിരികെവരാതിരിക്കില്ല!

നിലാവിനുപകരം റാന്തൽ തൂക്കി
സ്വപ്നങ്ങളെ പറ്റിക്കാനായില്ല,

അവക്കു കൂർമ്മബുദ്ധിയാണു!

ഓരോ പൗർണ്ണമിയിലും കാത്തിരിപ്പാണു

സപ്തവർണ്ണങ്ങൾ സൗന്ദര്യംചാർത്തിയ,
പുത്തനുടുപ്പിട്ടെന്റെ
സ്വപ്നങ്ങൾ
വരുന്നതും നോക്കി!!

കറുപ്പും വെളുപ്പും

അന്നുരാത്രി,തോരാതെ പെയ്ത മഴയില്‍
കഴുകിയൊലിച്ചുപോയതു
നമ്മുടെ പാപങ്ങളല്ല!

പാവം ,മൂകസാക്ഷിയാം ഇരുട്ടിന്‍റെ 
കറുപ്പാണ്!

വെളുക്കെച്ചിരിക്കുന്ന പകലിന്റെ-
ആഴത്തില്‍
തിരിച്ചറിയാതെപോയ
വെളുപ്പിന്റെ ശാപം

ഇനിയുമൊരു കുത്തൊഴുക്കില്‍
വന്നുചേരാനിരിക്കുന്ന
കറുപ്പിന്‍റെ
കണക്കെടുക്കലാണിനിയുള്ള
ദിനങ്ങള്‍

ഒരു വേനലില്‍ കരിഞ്ഞുണങ്ങി -
ത്തീരും വരെയുള്ള കണക്കെടുപ്പ്!

നഷ്ടപ്പെട്ട നീലാംബരി

നഷ്ടപ്പെട്ട നീലാംബരി ...

വീണ്ടും വീണ്ടും വായിക്കാന്‍ കൊതിക്കുന്ന അല്ലെങ്കില്‍ കൊതിപ്പിക്കുന്ന കഥ....
.ലെനിന്‍ രാജേന്ദ്രന്റെ `മഴ`യായ് മനസ്സില്‍ പതിഞ്ഞ കഥ..

ഓരോ വായനയിലും ശാസ്ത്രികളെ നഷ്ടപ്പെട്ടത് വായനക്കാരിക്കാണെന്ന് തോന്നിപ്പിക്കുന്ന വശ്യ മനോഹരമായ കഥ...

അപ്രാപ്യമായ എന്തോ അല്ലെങ്കില്‍ ആരോ എവിടെയോ ഉണ്ടെന്നു നോവിച്ചു പറയുന്ന കഥ...

ഓരോ കഥകളും വായിക്കുമ്പോള്‍ കഥാപാത്രങ്ങളോട്
നമുക്ക് തോന്നുന്ന സഹതാപം,ഇഷ്ടം ,ഇതൊന്നും

യഥാര്‍ത്ഥജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരോട് ഇല്ലെന്നുള്ളത്
ഒരു വിരോധാഭാസം !

മാധവിക്കുട്ടിക്ക് എന്റെ സ്നേഹം .....