Google+ Badge

2013, ജൂൺ 30, ഞായറാഴ്‌ച

രാജാവ് നീണാള്‍ വഴാട്ടെ!

ഈ മന്‍മോഹന്‍സിംഗിനെ മാറ്റി നമുക്ക്   ഇന്ത്യയുടെ ഭരണമങ്ങു  സുക്കന്ബര്‍ഗിനു
കൈമാറിയാലോ?നമ്മളെയൊക്കെ ഇത്ര നന്നായി ഭരിക്കാന്‍ കഴിയുന്ന വേറെ ആരുണ്ട്‌?പണികൊടുക്കുന്നവരെ
നല്ല വൃത്തിയായി മറുപണി കൊടുത്തു ബ്ലോക്കി വീട്ടിലിരുത്താനും,പ്രജകളുടെ മൌലിക അവകാശങ്ങള്‍
അന്തസായി പരിഗണിക്കുന്നതോടൊപ്പം മൌലികകടമകള്‍ ഇടക്ക് ഓര്‍മിപ്പിക്കുകയും ,അടിസ്ഥാന സൌകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍ പൂര്‍ണ ശ്രദ്ധാലുവുമായ മാര്‍ക്കല്ലേ അതിനു യോഗ്യന്‍ ?
               നാനാജാതി വിളവന്മാരെയും ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന മറ്റൊരു ഭരണാധികാരിയെ എവിടെക്കിട്ടും?
നിങ്ങള് ആര്‍ക്കു മാര്‍ക്കിടും മന്മോഹനോ അതോ സാക്ഷാല്‍ മാര്‍ക്കിനോ?ഫെയ്സ്ബൂക് രാജാവ് നീണാള്‍ വഴാട്ടെ...
അല്ലപിന്നെ!

2013, ജൂൺ 28, വെള്ളിയാഴ്‌ച

സഖി

       


വിടര്‍ന്ന മിഴികളില്‍ ചിറകെട്ടിയോതുക്കിയ നീര്‍മിഴിതുള്ളികള്‍,
ഒരുപാടുപറയുവാനുണ്ടെന്നു വിതുമ്പുന്ന ചുണ്ടുകള്‍,
നിനക്കെന്നോടെന്തും പറയാം സഖീയെന്നൊരു സാന്ത്വനം -
പ്രതീക്ഷിക്കും പോലെയെന്നെയവള്‍ ഉറ്റുനോക്കി,
ഒന്നുമുരിയാടന്‍ കഴിയാതെ ഒരു പെരുമഴയത്തൊലിച്ചുപോയ
 കനിവിനെയോര്‍ത്തൊരു ശിലയായ് മാറി ഞാന്‍!

2013, ജൂൺ 27, വ്യാഴാഴ്‌ച

ഭാഷയിലെ ആധുനികന്മാര്‍ നമ്മള്‍!

മലയാളവുമറിയില്ല ഇംഗ്ലീഷുമറിയില്ല ;വല്ലത്തൊരവസ്ഥയാ ഭാഷാ ഭഗവാനെ എന്‍റെത്.ഇംഗ്ലീഷിലാണ് സ്വപ്നം
കാണുകയെന്നു  ഒരു അവതാരക പറയുന്നത് കേട്ടു.ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു
എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.നമ്മുടെ സ്വപ്നങ്ങളുടെ  വേരുകള്‍ ജനിച്ചു വളര്‍ന്ന
നാട്ടിലാണെന്നാ എന്‍റെ അനുഭവം .അത് കുറച്ചു കൊല്ലം വിദേശത്ത് പഠിച്ചാല്‍ മാറുമോ?എന്തോ വിദേശത്ത്
പടിക്കാത്തോണ്ട് എനിക്കതറിയില്ല.ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചവര്‍ (കേരളത്തില്‍ )ഇംഗ്ലീഷില്‍
സ്വപനം കണ്ടിരുന്നെങ്കില്‍  അവര്‍ക്ക് ഒരു ഭാഷയെങ്കിലും മര്യാദക്ക് അറിയുമെന്ന് സമാധാനിക്കമായിരുന്നു.എനിക്കറിയുന്ന
കുട്ടികള്‍ക്ക് രണ്ടു ഭാഷയും അറിയാം ,പക്ഷെ രണ്ടുമറിയില്ല എന്നതാ അവസ്ഥ.മറിച്ച്
അഭിപ്രായം ഉള്ളവരുണ്ടാകാം.ഇന്നത്തെ കുട്ടികള്‍ പത്രം വായിക്കാറില്ല.കാരണം മറ്റൊന്നുമല്ല.ഇംഗ്ലീഷ് പത്രമായാലും
മലയാളം പത്രമായാലും  വായിച്ചു മനസിലാക്കാന്‍ അവര്‍ക്ക് പരിമിതി ഉണ്ട്.അതുകൊണ്ട് തന്നെ അവരുടെ വായന
 പ്രാദേശിക,സിനിമാപേജുകളില്‍ ഒതുങ്ങുന്നു.ഇതു അവരുടെ കുറ്റമോ മാതാപിതാക്കളുടെ കുറ്റമോ അല്ല.ഇന്നത്തെ
 വിദ്യാഭ്യാസം അങ്ങനെ ആണ്:കുറച്ചു വിദ്യ ബാക്കി അഭ്യാസം.4 മാര്‍ക്ക് കിട്ടിയവന്‍ പത്താം തരം ജയിക്കുന്ന
ഇവിടെ എങ്ങനെ സംസ്ഥാന സിലബസ്സില്‍ കുട്ടിയെ പഠിപ്പിക്കാന്‍ വിടും?എന്നാല്‍ കുറച്ചു മുന്‍പ് രക്ഷപെട്ടു പോന്ന
 എന്നെപ്പോലുള്ളവര്‍  കംപ്യൂട്ടറില്‍ ` മംഗ്ലീഷ് `അടിച്ചു ഉള്ള മലയാളവും ഇംഗ്ലീഷും കുളമാക്കുന്നു.ഈ `കിണാപ്പ്`
അടിച്ചു തുടങ്ങും മുന്‍പ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലുംസ്പെല്ലിംഗ് അറിയാമായിരുന്നു.
ഇപ്പോ അതും പോയി.
 കുറിപ്പ്-ഇതെഴുതാന്‍ പ്രചോദനം തന്‍റെ കുട്ടിക്ക് രണ്ടാം ഭാഷ എതെടുക്കുമെന്നു  സംശിയിച്ച എന്‍റെ സുഹൃത്ത്‌.
 കുട്ടിക്ക് ഏതെങ്കിലും ഭാഷ നന്നായി അറിഞ്ഞാലല്ലേ  മറ്റൊന്ന് പഠിച്ചെടുക്കാന്‍ കഴിയു.സംസാരിക്കാന്‍ കഴിയുന്ന ഭാഷ
ആദ്യം നന്നായി പഠിച്ചെടുക്കട്ടെ.എന്നിട്ടാകാം അടുത്ത ഭാഷ.

2013, ജൂൺ 24, തിങ്കളാഴ്‌ച

പിന്നിട്ട വഴികളും  മുന്നോട്ടുള്ള  പ്രയാണവും,
ഇതിന്നിടയില്‍ ഇന്നിന്‍റെ വേവലാതികളും!
ഇതല്ലേ നീയും ഞാനും നമ്മളുമെല്ലാം.

2013, ജൂൺ 23, ഞായറാഴ്‌ച

എല്ലാരും പുകഴ്ത്തി പറഞ്ഞപ്പോഴേ ഞാന്‍ കരുതിയതാ നീ ഒരു അഹങ്കാരി
ആകുമെന്ന്.ഒന്നേ ഉള്ളുവെങ്കിലും ഓലക്കകൊണ്ടടിക്കണമെന്നാ കാരണവന്മാര്‍ 
പറഞ്ഞിരിക്കുന്നത്.ഇതു വല്ലതും അറിയഞ്ഞിട്ടാണോ നമ്മളിങ്ങനെ കൊഞ്ചിച്ചത്?!
അല്ലേഅല്ലാ.പിണങ്ങിയാലത്തെ വാശി അനുഭവിച്ചറിഞ്ഞത് കൊണ്ടാ ഒന്ന് കൊഞ്ചിക്കാമെന്നു
വെച്ചത്!എന്നിട്ട് ഇപ്പോ നീയെന്താ ഈ കാണിക്കുന്നത്?തലയില്‍ കയറി ഇരിക്കുന്നോ?വേണ്ടാ 
ഇറങ്ങിക്കോ.മതി പരീക്ഷിച്ചത്.നദികളും പുഴകളുമൊക്കെ നിസ്സഹായരാണ്.നീ തന്നെ കനിയണം 
മഴയേ..മതി പരീക്ഷിച്ചത്...തെറ്റ് ഞങ്ങളുടെ ഭാഗത്തുമുണ്ട് എന്നാലും മതി....
ഇന്നത്തെ കേരളം-കിടപ്പറയില്‍ മുക്കിക്കൊല്ലപ്പെടുന്ന അഴിമതി കുഞ്ഞുങ്ങള്‍!! ........ .,ഇവരുടെയൊക്കെ `കാണാതാകുന്ന തന്തമാര്‍!.
-അന്വേഷണപരമ്പര ഇവിടെ ആരംഭിക്കുന്നു.

2013, ജൂൺ 20, വ്യാഴാഴ്‌ച

എന്‍റെ സങ്കല്പത്തിന്‍ മാറാല വലകള്‍
നിന്‍റെ സ്പര്‍ശത്താലലിഞ്ഞു പോയി!

ഇതെന്തൊരു വായന!

ഇവരെന്താ ഇങ്ങനെ?

   ഒന്നു രണ്ടു വര്‍ഷമായി   ടി വി യില്‍ വാര്‍ത്ത കേള്‍ക്കുമ്പോള്‍  എന്‍റെ  മനസ്
പലപ്പോഴും  എന്നോട് ചോദിക്കുന്ന ചോദ്യം,"ഇവരെന്താ ഇങ്ങനെ?.ആരോടാ ഇവരിങ്ങനെ
ആക്രോശിക്കുന്നത്?"  ഉറങ്ങാന്‍ കിടക്കുമ്പോള്‍ മറ്റാരെങ്കിലും  വാര്‍ത്ത വെച്ചാല്‍
 എന്‍റെ സകല  ഞരമ്പുകളും  വലിഞ്ഞു പൊട്ടും.ഇവരെയൊക്കെ ഭാവം കണ്ടാല്‍ തോന്നും
അവര്‍ക്ക്  തീരെ സമയമില്ലാത്ത നേരത്ത്  നമ്മള്‍  വിളിച്ചോണ്ട് വന്നു  നിര്‍ബന്ധിച്ചു  വായിപ്പിക്കുകയാണെന്ന്!

      ഇതെല്ലാം  കാണുകയും കേള്‍ക്കുകയും  ചെയ്യുമ്പോള്‍  ദൂരദര്‍ശനിലെ  രാജേശ്വരി മോഹനെയും
ബാലകൃഷ്ണന്‍  മാഷിനെയുമൊക്കെ (എന്‍റെ ഗുരുനാഥന്‍ ആണ്) നമിച്ചു പോകുന്നു.എന്തൊരു  ശാന്തത യോടെ
ആണ്  അവര്‍ വാര്‍ത്ത  വായിക്കുന്നത്.അത് കേള്‍ക്കുമ്പോള്‍  തന്നെ  മനസ് ശാന്തമാകും.ഈ വാര്‍ത്താ ചാനലുകളുടെ
അതിപ്രസരം കൊണ്ട്  ജനങ്ങളുടെ ആയുസ് കുറയുമെന്ന കാര്യത്തില്‍  യാതൊരു  സംശയവുമില്ല!
 
    

2013, ജൂൺ 16, ഞായറാഴ്‌ച

പ്രണയം പൂത്തു കിടക്കുന്ന കവിതകളില്‍
വിരഹത്തിന്‍ പരിസമാപ്തി.
നിരാശയുടെ വേലിയേറ്റത്തില്‍ സയനൈഡിന്‍റെ മണം.
ഇതൊരു തുടര്‍ക്കഥ:മാറ്റമില്ലാത്ത ,മരണമില്ലാത്ത കഥ.

2013, ജൂൺ 11, ചൊവ്വാഴ്ച

ഫേസ്ബുക്കില്‍ മലയാളി ചെളി വരിയെരിഞ്ഞിട്ടുള്ളവരില്‍  ഒന്നാം സ്ഥാനം ആര്‍ക്കാണ്? പി സി ജോര്‍ജ്?സന്തോഷ്‌ പണ്ഡിറ്റ്‌?
ശ്രീശാന്ത്?തീര്‍ച്ചയായും ശ്രീശാന്ത് തന്നെ കേമന്‍.അന്തര്‍ദേശീയ ചെളിവാരല്‍ കിട്ടിയിട്ടുള്ളത് ശാന്തനു തന്നെ.പക്ഷെ
ഇപ്പോ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകളില്‍ വരുന്ന കുറിപ്പുകളും രോദനങ്ങളും  കാണുമ്പോള്‍
ഈ മലയാളികളൊക്കെ ഓന്തുകളാണോ എന്ന് തോന്നിപ്പോകുന്നു.ശ്രീശാന്തിനെ കടിച്ചുകീറി ഉപ്പും മുളകും പുരട്ടിയിരുന്ന
ആളുകള്‍ പോലും ശ്രീശാന്തിനു വേണ്ടി കരഞ്ഞു മൂക്ക് പിഴിയുന്നു.എന്തെങ്കിലും വാര്‍ത്ത വരുമ്പോഴേക്കും എല്ലാവരും
പെട്ടന്ന് തന്നെ വികാരഭരിതരാകുന്നു.ആ വികാരം അടുത്ത വാര്‍ത്തയില്‍ ഒലിച്ചിറങ്ങി പോകുന്നു.
ചിന്തിക്കാന്‍ അവനവന്റെ തല ഉപയോഗിക്കുന്നത് നിറുത്തിയോ?കടം വാങ്ങിയ ചിന്തകള്‍ ആകുമ്പോള്‍ ആയുസ്സ് കുറയും.
പക്ഷെ ചൂട് കൂടുതലായിരിക്കും.ആ ചൂടില്‍ ഒരുപാടു പേരുടെ മാനവും മര്യാദയുമൊക്കെ ഉരുകിയൊലിച്ചു പോകുന്നുണ്ടെന്ന്
വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.രണ്ടാം ദിവസം ശീതീകരിണി യുമായി ഇറങ്ങിയാല്‍ അതൊന്നും തിരിച്ചു കൊടുക്കാന്‍
കഴിയില്ല.മലയാളികള്‍ ശ്രീശാന്തിനെ സ്നേഹിച്ചു തുടങ്ങാന്‍ ഒന്ന് ജയില് വരെ പോകേണ്ടി വന്നു.ഇനി പുറത്തിറങ്ങിയ
ശ്രീശാന്തിനെ ഞെക്കി കൊല്ലുമോയെന്നു ഇപ്പോ അറിയാം.

2013, ജൂൺ 9, ഞായറാഴ്‌ച

മഴ തന്ന പണി

മഴ ഇഷ്ടമാണ്.പക്ഷെ മഴ നനയാറില്ല.കൂടെയുള്ള ആള്‍
പറച്ചിലില്‍ മാത്രമല്ല പ്രവര്‍ത്തിയിലും മഴ നനയുന്നയാളും.പക്ഷെ
ഇത്രേം വല്ല്യ 8 ന്‍റെ പണി എനിക്കു തരുമെന്ന് ഞാന്‍ കരുതിയില്ല.
psc ടെസ്റ്റ്‌ എഴുതാന്‍ മഴ നനഞ്ഞു പോയ ആദ്യ വ്യക്തി ഞാനായിരിക്കും."നമുക്ക് സ്കൂട്ടറില്‍ മഴ
നനഞ്ഞു പോകാം.വെറും ചാറ്റല്‍ മഴയല്ലേ.പതുക്കെ അവിടെ എത്താം".ഞാന്‍ കൂടുതല്‍ ഒന്നുംആലോചിക്കാതെ
സമ്മതിച്ചു.ടെസ്റ്റ്‌ എഴുതുമ്പോള്‍ ആള്‍ പുറത്തു നില്‍ക്കുന്നത് എനിക്ക് ഒരു ധൈര്യം
ആണല്ലോ എന്ന് കരുതി.ഈ psc ക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലുംഎന്തെങ്കിലും കാരണം പറഞ്ഞു
നമ്മളെ ഹാളില്‍ നിന്ന് പുറത്താക്കാനുള്ള ഒരു വ്യഗ്രത ഉണ്ടാകാറുണ്ട്.അതുകൊണ്ട് കൂടെ ഒരുപടയാളി
അത്യാവശ്യമാണെന്ന്ഞാന്‍ കണക്കുകൂട്ടി.തൃപ്രയാര്‍ മുതല്‍ കൂടെ വന്ന മഴ ഒല്ലൂര് ആയപ്പോഴേക്കും സംഹാരതാണ്ഡവം
തുടങ്ങി.മുന്‍ സീറ്റില്‍ നിന്ന് "ആ മഴ ഈ മഴ പെരുമഴയായി കാറ്റ് കൊടുങ്കാറ്റാകട്ടെ " എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങി.
എന്‍റെ മനസ്സില്‍ പെരുമഴ മാത്രമല്ല ,ഇടിവെട്ടും തുടങ്ങി .എന്‍റെ കിളി പോയിരിക്കുമ്പോഴാ  മനുഷ്യന്റെ പാട്ടുകച്ചേരി!.
‍‍.ഈ കോലത്തില്‍ ഞാന്‍ ഇങ്ങനെ പരീക്ഷ എഴുതും?പക്ഷെ
ഞാന്‍ എഴുതി .മുട്ട് കൂട്ടി ഇടിച്ചു ,തണുത്തു വിറച്ചു കുട്ടനെല്ലൂര്‍ അഗസ്റ്റിന്‍ അക്കര സ്കൂളില്‍ ഇരുന്നു എഴുതി.അവിടെ
എത്തിയപോള്‍ വളരെ ആശ്വാസം തോന്നി.എന്‍റെ പള്ളിക്കൂടക്കാലം ഓര്‍മിപ്പിക്കും വിധത്തിലുള്ള കെട്ടിടം.പുതുക്കി പണിതു
നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.പരീക്ഷ കഴിയും വരെ പെരുമഴ,അങ്ങിനെ വെറുതെ പറഞ്ഞാല്‍ ശരി ആകില്ല,അലറി കൊണ്ടുള്ള.
മഴ.മറ്റെല്ലാ ശബ്ദങ്ങളെയും വിഴുങ്ങി കൊണ്ട് പരീക്ഷക്ക്‌ കൂട്ടായി കഴിയും വരെ.
പക്ഷെ ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങിയപ്പോള്‍ കരഞ്ഞുക്ഷീണിച്ച കുട്ടിയെപോലെ ഞങ്ങള്‍ക്കൊപ്പം കൂടെക്കൂടി,മൂന്നാമാതൊരാളായി!

2013, ജൂൺ 6, വ്യാഴാഴ്‌ച

ഓര്‍മകള്‍ ഉണ്ടായിരിക്കണം

വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്ക് കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍
ഭൂതകാലത്തിന്‍റെ ഊഷ്മളമായ ഓര്‍മകളില്‍ ജീവിക്കാനിഷ്ടപെടുന്ന അപൂര്‍വ്വം ചിലരെങ്കിലുംഉണ്ടെന്നു
തിരിച്ചറിയുന്നത്‌ വല്ലാത്ത ഊര്‍ജമാണ് തരുന്നത്.ബാല്യത്തിന്‍റെ നിഷ്കളങ്കമായ ഓര്‍മകളിലേക്ക് ഞാനറിയാതെ ,
അവരുടെ വാക്കുകളിലുടെ സഞ്ചരിക്കുന്നു.ഓര്‍മകളിലെങ്കിലും നല്ല അനുഭവങ്ങളുടെ സ്പര്‍ശമുണ്ടായിരിക്കുക
എന്നത് അനുഗ്രഹം തന്നെയാണ്.ഇത്രയും ജീവിതവേഗം കൂടിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്നിനു കൂട്ടായി
 ഓര്‍മകളുടെ  ഒരു കഴിഞ്ഞകാലം എപോഴും കൂടെ വേണം. നമ്മളറിയാതെ ഇപോഴും നമ്മള്‍ അത് തേടിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെയാണ് പോയകാലത്തിന്റെ  ഓര്‍മപ്പെടുത്തലായി വരുന്ന ഒരു ഫോട്ടോ,അല്ലെങ്കില്‍ ഒരു കുറിപ്പ് ,നമുക്ക്
ഒരു ഗ്രിഹാതുരത്വം അല്ലെങ്കില്‍ ഒരു നല്ല ഊര്‍ജം സമ്മാനിക്കുന്നത്.ഏതോ ഒരു മലയാള സിനിമയുടെ പേര് സൂചിപ്പിക്കും പോലെ
 'ഓര്‍മകള്‍ ഉണ്ടായിരിക്കണം '.