2014, ഏപ്രിൽ 2, ബുധനാഴ്‌ച

ഒരു പെണ്ണിന്‍റെ മോഹം

തുള്ളാതെടി പെണ്ണെ ,തുള്ളാതെടി -
യെന്നു നാണിത്തള്ള
ചൊല്ലിയന്നുതുടങ്ങി-
യൊന്നുറഞ്ഞുതുള്ളാനൊരു മോഹം!

പയ്യെ പറയെടി പയ്യെ-

യെന്നുനേരാങ്ങള അലറി
ചൊല്ലിയന്നുതുടങ്ങി
ദിഗന്തങ്ങള്‍ മുഴങ്ങുമാ
റലറണമെന്നു മോഹം!

പെണ്ണെ മരത്തില്‍ കയറാതെടി
യെന്നുചൊല്ലിയില്ലമ്മ-

യെന്നാലുമാ മൂവാണ്ടന്‍
മാവിന്നുച്ചിയില്‍
കയറിയുച്ചന്റെ തലയില്‍
മൂത്തമാങ്ങയൊന്നു

പറിച്ചുടക്കണമെന്നു മോഹം!

മോഹങ്ങളെല്ലാമടക്കി
വെച്ചൊരുന്നാള്‍
മോഹിക്കാത്ത വേദനയായ്
പുറത്തു വന്നു!

എല്ലാരും ചൊല്ലിയന്നവളുടെ
മോഹങ്ങളെല്ലാം പൂവണിഞെന്ന്!

പുസ്തകത്താളിലെ പ്രസവം

എന്റെ മയിൽപ്പീലിപ്പെണ്ണേ 
നാണമാകുന്നില്ലേ 
നിന്റെ പേറ്റുനോവിങ്ങനെ
കഥകളായും കവിതകളായും
നാട്ടിൽ പാട്ടാകുംബോൾ?
അതോ നിനക്കുമൊരു
'കളിമണ്ണിൽ ' കണ്ണുണ്ടോ?!

കള്ളം

ഈ കൂറ്റാക്കൂറ്റിരുട്ടില്‍ 
ഒരു വെളിച്ചക്കീറു
നിന്‍റെ കള്ളം പൊളിയാന്‍ !

2014, ജനുവരി 5, ഞായറാഴ്‌ച

മേഘം

എത്ര കാലങ്ങളായി നീ ആകാശത്തിനും
ഭൂമിക്കുമിടയിലിങ്ങനെ അലഞ്ഞുതിരിയുന്നു!
ഒന്നുകില്‍ ആകാശത്തോടുചേരുക അല്ലെങ്കിലീ
ഭൂമിയോട് ചേര്‍ന്ന് പാപിയാവുക!

വികലാംഗ

എന്‍റെ കാലിനു കുഴപ്പമില്ല ,
എന്‍റെ കൈകള്‍ക്കും കുഴപ്പമില്ല,
കണ്ണുകള്‍ക്കും ആരോഗ്യമുണ്ട് .
എന്നിട്ടും എന്‍റെ കണ്ണാടി പറയുന്നു
ഞാന്‍ വികലാംഗയെന്നു!!!
 —

മൌനം

മൌനം

മൌനം ഒരു ദ്വീപാണ് ,
ആയിരം ഭാഷകള്‍ കുടില്‍കെട്ടി താമസിക്കുന്ന ദ്വീപ്‌!

മടുപ്പിക്കുന്ന അവധിക്കാലങ്ങളില്‍
തര്‍ക്കങ്ങളില്ലാതെ തെരഞ്ഞെടുക്കുന്ന
വിനോദസഞ്ചാരകേന്ദ്രം !
 

സ്നേഹം

ഞാനും നീയും തമ്മിലുള്ള കരാറാണ് നമ്മുടെ സ്നേഹം ,
വ്യവസ്ഥകള്‍ ലങ്ഘിക്കപ്പെട്ടാല്‍ അവസാനിക്കുന്ന കരാര്‍!