2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരു വണ്ടിക്കഥ

അനുജന്‍റെ കാര്‍ വാങ്ങാനായി വന്നവര്‍ നാലഞ്ച് പേരുണ്ടായിരുന്നു.ആദ്യമായി കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരെപോലെ
അവര്‍ കാര്‍ ഞെക്കിയും തട്ടിയും നോക്കി.ഓടിച്ചു നോക്കാന്‍ താക്കോല്‍ കൊടുത്തപ്പോഴേക്കും അവര്‍ പറഞ്ഞു ,"ഇഷ്ടായീന്നു".
ആര്‍ക്കും തന്നെ ഡ്രൈവിംഗ് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.നാളെ 4 ആള്‍ കൂടി നോക്കാന്‍ വരുമെന്ന് പറഞ്ഞു അവര്‍ പോയി.
പിറ്റേദിവസം അടുത്ത ടീം എത്തി .അവസ്ഥ ഇതു തന്നെ ആരും കീ വാങ്ങുന്നില്ല.ഇത്തവണ വന്നവര്‍ സത്യം പറഞ്ഞു .ഞങ്ങള്‍ക്കാര്‍ക്കും
ഓടിക്കാന്‍ അറിയില്ല.15 പേര്‍ കൂടി പണി പഠിക്കാനാ വണ്ടി എടുക്കുന്നത്.പിറ്റേദിവസം കാര്‍ കൊണ്ട് പോകാന്‍ രാവിലെ വരാമെന്ന്
പറഞ്ഞപ്പോള്‍ അനുജന്‍ അവനു ഒഴിവില്ലെന്ന് അറിയിച്ചു.എന്നാ ചേട്ടന്‍ ഇതൊന്നു അങ്ങോട്ട്‌ എത്തിക്കെന്നായി അവര്‍.അവന്‍ സമ്മതം മൂളി.
കാര്‍ കൊടുത്തു തിരിച്ചെത്തിയ അവന്‍റെ ചിരി വീടെത്തിയിട്ടും തീരുന്നില്ല.അവന്‍ എന്നോട് "ചേച്ചി ഈ തിരുട്ടു ഗ്രാമം എന്നൊക്കെ പറയുന്നത്
പോലെ ഡ്രൈവിംഗ് അറിയാത്തചെറുപ്പക്കാരുടെ ഒരു ഗ്രാമം.ഞാന്‍ വരുന്നതും കാത്തു ഇരുപത്തഞ്ചോളം പേര്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുകയായിരുന്നു.ഒരാള്‍ക്ക് മാത്രം ഡ്രൈവിംഗ് അറിയാം .ബാക്കി 24 പേര്‍ ഇതില്‍ പണി പഠിക്കാന്‍ കാത്തിരിക്കുന്നു.പക്ഷെ എല്ലാവര്‍ക്കും ലൈസെന്‍സ്ഉണ്ട് കേട്ടോ?!!"അവരുടെ കൂട്ടായ്മ കൊള്ളാം അല്ലെ?!

2013 ജൂലൈ 27, ശനിയാഴ്‌ച

പരദൂഷണത്തിന്‍റെ ഒരു പതിപ്പ്

എന്‍റെ മകന്‍റെ സ്കൂളില്‍ ഫീസ്‌ വര്‍ധനക്കെതിരെ സമരം നടത്തിയിരുന്നു.ഇന്നലെ ആണ് ഒത്തു തീര്‍പ്പായത്.2 ദിവസം മുന്‍പ്
മകന്‍റെ സുഹൃത്തിന്റെ അമ്മ എന്‍റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു.ഫീ അടക്കാത്തത് കൊണ്ട് മകന് വല്ല്യ
വിഷമം ആണെന്നും ,അതുകൊണ്ട് അവര്‍ ഫീസ്‌ അടച്ചാലോ എന്ന് അദ്ദേഹത്തോട് ചോദിച്ചു .ഇതില്‍ രസകരമായ സംഗതി ഈ
സ്ത്രീയുമായി ഞങ്ങള്‍ക്ക് ഒരു പരിച്ചയവുമില്ലെന്നതും ,സമരസമിതി ഭാരവാഹിയുടെ വീട് അവരുടെ തൊട്ടടുത്താണ് എന്നതുമാണ്‌.അവര്‍ക്ക്
ആ ഭാരവാഹിയോടു അഭിപ്രായം ചോദിക്കാവുന്നതെ ഉള്ളു.പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലാലോ.അത് സൈക്കിളിലായാലും വരും.,
അല്ല വന്നു.
          ഫീസ്‌ അടച്ചാല്‍ കൂട്ടായി സമരം ചെയ്യുന്നവര്‍ക്ക് പാര ആകുമെന്നുള്ളതു കൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ അടക്കുന്നില്ലെന്നും,അതാണ് ഉചിതമെന്നും,പിന്നെ നിങ്ങള്ക്ക് നിങ്ങളുടെ താത്പര്യം പോലെ ആകാമെന്നും എന്‍റെ ഭര്‍ത്താവ് ആ സ്ത്രീയോട് പറഞ്ഞു.ഇതേ പറ്റി എന്നോട്
പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മകന്‍ സ്കൂളില്‍ നിന്ന് വന്നു .ഞാന്‍ അവനോടു പറഞ്ഞു ,"ഡാ നിന്‍റെ ഫ്രണ്ടിന്‍റെ അമ്മ വിളിച്ചിരുന്നു".അവന്‍
യുണിഫോംമാറുന്നിതിനിടയില്‍ അലസമായി പറഞ്ഞു,ആ അവന്‍ എന്നോട് പറഞ്ഞു,അവന്‍റെ അമ്മ ചോദിച്ചു ഋതുന്‍റെ അച്ഛന്‍ വല്ല മന്ത്രിയോ ,മറ്റോ ആണോ ?എന്താ അയാളുടെ ഒരു അഭിപ്രായം പറച്ചില്‍!ഭര്‍ത്താവിന്‍റെ മുഖത്തു വെട്ടിയാല്‍ ചോര വരില്ല.ആ പരുവമായി.
           ഇവര്‍ക്കൊക്കെ ഇതു എന്തിന്‍റെ കേടാ എന്ന് എനിക്ക് മനസ്സിലാകുന്നില്ല!സ്ത്രീ വര്‍ഗ്ഗത്തിന് മൊത്തം അപമാനം വരുത്തി വെക്കാന്‍
പരദൂഷണത്തിന്റെ ലേറ്റസ്റ്റ് വെര്‍ഷനും കൊണ്ട് വരും!

2013 ജൂലൈ 14, ഞായറാഴ്‌ച

തെറിപുരാണം

ഫേസ്ബൂകിലും ബ്ലോഗ്ഗുകളിലും തെറിയുടെ അതിപ്രസരം.പ്രഷര്‍ കുക്കെറിന്റെ നോസില്‍ തുറക്കുകയാണോ സത്യത്തില്‍ സുക്കന്‍ബര്‍ഗുമാര്‍ ചെയ്തത്.വീട്ടിലും നാട്ടിലും വിളിക്കാന്‍ പറ്റാത്ത തെറികള്‍. യാതൊരു ഉളുപ്പുമില്ലാതെ പ്രയോഗിക്കുന്നു.(വായിക്കുന്നവര്‍ക്കും ഒരു സുഖം,വിമര്‍ശിക്കുന്നവര്‍ക്കും ഒരു തെറി പറഞ്ഞ സുഖം).വള്ളുവനാടന്‍,മലബാറി,കുട്ടനാടന്‍,അങ്ങനെ സങ്കരയിനം ആടുകളെ ഓര്‍മിപ്പിക്കുമാറുള്ള നല്ല പുളിച്ച തെറികള്‍..,ഇതൊന്നും പോരാതെ` യൂത്ത് തെറി`,ഡിഫി തെറി,കാവിതെറി ..`മീനഭരണി` പ്രൊഫൈല്‍ തുറന്ന പോലെ. — feeling ഒടുക്കത്തെ കുശുമ്പ്!

2013 ജൂലൈ 8, തിങ്കളാഴ്‌ച

ഒത്തൊരുമ

ആള്‍പ്പെരുമയുണ്ട്,ആനപ്പെരുമയുണ്ട്
കുടുംബപ്പെരുമയുണ്ട്,ഒത്തൊരുമയില്ല.

2013 ജൂലൈ 3, ബുധനാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ അതിവേഗം ഒഴുകുന്ന പുഴയിലെ കല്ലുകള്‍ പോലെയാണ്.ചിലത് ഒഴുകി ഒഴുകി ഭംഗിയുള്ള ഉരുളന്‍ കല്ലുകളായി
 രൂപപ്പെടും.മറ്റുചിലത് ഒഴുക്കില്‍ പാതിവഴിയില്‍ പുഴ ഉപേക്ഷിക്കും,മറ്റു ചിലതും, പാതി ഒഴുകി മടുത്തു യാത്ര
 അവസാനിപ്പിക്കും.ബാല്യത്തിലെ ഓര്‍മ്മകള്‍ പലതും ഉരുളന്‍ കല്ലുകള്‍ പോലെയാണ് ;മിനുസമുള്ളതു ഭംഗിയുള്ളതുമായ
 വെള്ളാരംകല്ലുകള്‍ പോലെ.ഒരിക്കലും മറക്കാനും മായ്ക്കാനും കഴിയാത്ത ഒരുപാടു ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന
സുവര്‍ണ്ണകാലം.കൌമാരത്തിലെ ഓര്‍മ്മകള്‍പലയിടത്തും ചിതറിക്കിടക്കുന്നുണ്ടാകും.പെറുക്കി കൂട്ടാന്‍  ബോധപൂര്‍വം
ശ്രമിച്ചാല്‍ അടുക്കി വെയ്ക്കാന്‍ കഴിയും.യൌവ്വനകാലഓര്‍മ്മകള്‍ സ്വയം മിനുസപ്പെടുത്താന്‍ ശ്രമിച്ചു  പായല്‍പറ്റിയ
 കല്ലുകള്‍ പോലെയാണ്.പലതും അവ്യക്തമാണ്.ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍ എല്ലാം ഒരു പ്രിയപ്പെട്ട പുസ്തകതാളുപോലെ
മനസ്സില്‍ കടന്നു വരുമായിരിക്കും. എന്‍ .എന്‍ കക്കാട് പറഞ്ഞു വെച്ചപോലെ "അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?"

2013 ജൂലൈ 1, തിങ്കളാഴ്‌ച

ധ്യാനം

എല്ലാ നിറങ്ങളും ചാലിച്ചു ഞാനൊരു
 വര്‍ണക്കൂടാരമെഴുതി,
അതില്‍ നോക്കിയിരുന്നങ്ങനെ മിഴികളടഞ്ഞുപോയ്
 ധ്യാനിച്ചു, ധ്യാനിച്ചു അലിഞ്ഞുചേര്‍ന്നതി-
ലെങ്ങിനെഞാനിനി നിന്നടുത്തെത്തും ?

2013 ജൂൺ 30, ഞായറാഴ്‌ച

രാജാവ് നീണാള്‍ വഴാട്ടെ!

ഈ മന്‍മോഹന്‍സിംഗിനെ മാറ്റി നമുക്ക്   ഇന്ത്യയുടെ ഭരണമങ്ങു  സുക്കന്ബര്‍ഗിനു
കൈമാറിയാലോ?നമ്മളെയൊക്കെ ഇത്ര നന്നായി ഭരിക്കാന്‍ കഴിയുന്ന വേറെ ആരുണ്ട്‌?പണികൊടുക്കുന്നവരെ
നല്ല വൃത്തിയായി മറുപണി കൊടുത്തു ബ്ലോക്കി വീട്ടിലിരുത്താനും,പ്രജകളുടെ മൌലിക അവകാശങ്ങള്‍
അന്തസായി പരിഗണിക്കുന്നതോടൊപ്പം മൌലികകടമകള്‍ ഇടക്ക് ഓര്‍മിപ്പിക്കുകയും ,അടിസ്ഥാന സൌകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍ പൂര്‍ണ ശ്രദ്ധാലുവുമായ മാര്‍ക്കല്ലേ അതിനു യോഗ്യന്‍ ?
               നാനാജാതി വിളവന്മാരെയും ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന മറ്റൊരു ഭരണാധികാരിയെ എവിടെക്കിട്ടും?
നിങ്ങള് ആര്‍ക്കു മാര്‍ക്കിടും മന്മോഹനോ അതോ സാക്ഷാല്‍ മാര്‍ക്കിനോ?ഫെയ്സ്ബൂക് രാജാവ് നീണാള്‍ വഴാട്ടെ...
അല്ലപിന്നെ!