2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു നാടകാനുഭവം

കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത് നാടകമുണ്ടെന്നു അറിഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചു അങ്ങോട്ട്‌ എത്തി.പോയത് വെറുതെ ആയില്ല.സിബി മലയില്‍ ,രാജേന്ദ്രന്‍ ,സന്ധ്യാ രാജേന്ദ്രന്‍,കൈനകരി സര്‍ അങ്ങനെ പ്രമുഖര്‍ എല്ലാം ഉണ്ട്.വക്കം ശക്കീരിനു രാമുകാര്യാട്ട് അവാര്‍ഡും കൈനകരിക്ക് കഴിമ്പ്രം വിജയന്‍ അവാര്‍ഡും സമ്മാനിക്കുന്ന ചടങ്ങ്

നാടക്കത്തെക്കള്‍ കൈനകരി യുടെ പ്രസംഗം ആണ് മികച്ചു നിന്നത് .അദ്ദേഹം അക്കമിട്ടു പറഞ്ഞ ചിലകാര്യങ്ങള്‍ മനസ്സില്‍ തട്ടി.
1.നൂറോളം അവാര്‍ഡുകള്‍ ലഭിച്ചു .ഒന്നും വാങ്ങിയതല്ല,കിട്ടിയതാണ് .
2.സംഗീത നാടക അകടെമിയുടെ പെന്‍ഷന്‍ അതിനുപുറകെ നടക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല.
3.സിബിമലയിലിനോടുള്ള അപേക്ഷ ,തിരക്കഥ നല്ലത് കിട്ടാന്‍ രണ്ടു മൂന്നും വര്‍ഷം കാത്തിരിക്കുന്ന സിബിക്ക് പുതിയ താരങ്ങളെ
കിട്ടാനും അങ്ങനെയൊരു തയ്യാറെടുപ്പ് ആകാം എന്ന്.
4.ഇടതുപക്ഷ സഹയാത്രികനായ ആള്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവാര്‍ഡ്‌ കിട്ടില്ല.അത് മറ്റവര്‍ക്കു കൊടുക്കാം അല്ലെങ്കില്‍ അത് വിളിച്ചു പറയുമെന്ന് പറഞ്ഞു അവര് കൈ ഒഴിയും.മറ്റവര്‍ ഭരിചാലോ ജന്മത്ത് സംഗീതനാടക അകാദെമി അവാര്‍ഡ്‌ ഒരു ഇടതുപക്ഷക്കാരന് കിട്ടുകയുമില്ല.
          ഒരു നല്ല കലാകാരനാവുക അത്ര എളുപ്പമല്ല.മക്ബെത്തിലെ ലേഡി മാക്ബത്ത് നെ അവതരിപ്പിച്ച നടി ശരിക്കും വിസ്മയിപ്പിച്ചു .അവര്‍
ശരിക്കും കഥാപാത്രം ആയി മാറുകയായിരുന്നു.മാക്ബത്തിന്‍റെ  പ്രകടനം ശരാശരിയില്‍ ഒതുങ്ങി.
       സിപിഎം കാരിയായ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി,നാടകോത്സവത്തിന്റെ അവസാനം ഗാനമേള വേണമത്രെ!നീ ഇപ്പറഞ്ഞതിനോക്കെ ഞെട്ടാന്‍ നിന്നാല്‍ നിനക്കതിനെ നേരമുണ്ടാകൂ എന്ന് പറഞ്ഞ്എന്‍റെ ഭര്‍ത്താവ് കയ്യിലുള്ള ബ്രോഷര്‍ എനിക്ക് തന്നു,അതില്‍ കുറിച്ചിരിക്കുന്നു അവസാന പരിപാടി മിമിക്സ് പരേഡ്!

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)
 


2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഇനിയും

"കേട്ട ഗാനം മധുരതരം ,കേള്‍ക്കാത്ത ഗാനം അതിമധുരതരം"
 
                                                      - keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!

കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!! 

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

ജോണീ ജോണീ

ജോണീ ..ജോണീ
എന്തൂട്ടാണ് അപ്പാ അലറണത്?
എന്തൂര്‍ണട അവ്ടെ നീ മിണങ്ങണത്?
ഒന്നൂല്ലപ്പാ ,ഒന്നൂല്ല!
വായ്‌ തൊറന്നു ഊതടാ ശവീ,
ഊഹു...ഊഹു...
(അന്ന് കോമയിലായതാ ജോണീടെ അപ്പന്‍!)
 — listening to Johny , Johny - Yes Papa.

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

രൂപയുടെ വില

കറന്‍സി നോട്ടുകളില്‍ പ്രരാബ്ദവും പ്രണയലേഖനവും reserve ബാങ്ക് നിരോധിച്ചത് നന്നായി!മുന്‍പൊക്കെ ഒരു നോട്ടില്‍ എന്തൊക്കെ ഭാവനാവിലാസങ്ങള്‍ കാണാമായിരുന്നു.പണ്ടത്തെ വിരുതന്മാരുടെ ഫെയിസ്ബൂക്കായിരുന്നു കറന്‍സിനോട്ടുകള്‍..,മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ച് വിടാനുള്ള മോന്തപുസ്തകം! ഇപ്പോ ഒരു വിലയുമില്ലാതായി തളര്‍ന്നു കിടക്കുന്നു.ഇത്രേയുള്ളൂ ഏതു പുസ്തകത്തിന്റെയും ഭാവി...വെറും ആവി! — feeling ന്‍റെ കയ്യീന്ന് പോയ കാശൊക്കെ ന്‍റെ കയ്യില്‍ തന്നെ വരണെ.

2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഒരു ചിന്ന കല്യാണമോഹം

ഒരു കല്യാണചടങ്ങില്‍ പങ്കെടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍
3 വയസ്സുകാരന് വാശി.ഇപ്പോ കല്യാണം കഴിക്കണം!അച്ഛന്‍ സമാധാനിപ്പിക്കാന്‍
പലതും പറഞ്ഞു."മോനെ 10 വയസായ ചേട്ടന്‍ കല്യാണം കഴിച്ചിട്ടില്ല!അത് കഴിഞ്ഞു പോരെ
നിനക്ക്?!" മോന്‍"പറ്റില്ല.എനിക്ക് അമ്മയെ കല്യാണം കഴിക്കണം."പ്ലിംഗ്...പാര എന്‍റെ തലയില്‍
ലക്ഷ്യം തെറ്റാതെ വീണു.(ഇവന് ഐ.എസ്‌.ആര്‍ .ഓ യില്‍ ജോലി ഉറപ്പു)."എന്‍റെ മോന്‍റെ
സ്നേഹം നോക്കിയേടി,കണ്ടോ അവന്‍ എനിക്കു വേണ്ടി ഏതു കുരിശും ഈ പ്രായത്തില്‍
തന്നെ ചുമക്കാന്‍ തയ്യാറാ!"
 
     വാല്‍ക്കഷ്ണം-ഇന്നു രണ്ടാത്മാക്കള്‍ പട്ടിണി .

2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരു വണ്ടിക്കഥ

അനുജന്‍റെ കാര്‍ വാങ്ങാനായി വന്നവര്‍ നാലഞ്ച് പേരുണ്ടായിരുന്നു.ആദ്യമായി കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരെപോലെ
അവര്‍ കാര്‍ ഞെക്കിയും തട്ടിയും നോക്കി.ഓടിച്ചു നോക്കാന്‍ താക്കോല്‍ കൊടുത്തപ്പോഴേക്കും അവര്‍ പറഞ്ഞു ,"ഇഷ്ടായീന്നു".
ആര്‍ക്കും തന്നെ ഡ്രൈവിംഗ് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.നാളെ 4 ആള്‍ കൂടി നോക്കാന്‍ വരുമെന്ന് പറഞ്ഞു അവര്‍ പോയി.
പിറ്റേദിവസം അടുത്ത ടീം എത്തി .അവസ്ഥ ഇതു തന്നെ ആരും കീ വാങ്ങുന്നില്ല.ഇത്തവണ വന്നവര്‍ സത്യം പറഞ്ഞു .ഞങ്ങള്‍ക്കാര്‍ക്കും
ഓടിക്കാന്‍ അറിയില്ല.15 പേര്‍ കൂടി പണി പഠിക്കാനാ വണ്ടി എടുക്കുന്നത്.പിറ്റേദിവസം കാര്‍ കൊണ്ട് പോകാന്‍ രാവിലെ വരാമെന്ന്
പറഞ്ഞപ്പോള്‍ അനുജന്‍ അവനു ഒഴിവില്ലെന്ന് അറിയിച്ചു.എന്നാ ചേട്ടന്‍ ഇതൊന്നു അങ്ങോട്ട്‌ എത്തിക്കെന്നായി അവര്‍.അവന്‍ സമ്മതം മൂളി.
കാര്‍ കൊടുത്തു തിരിച്ചെത്തിയ അവന്‍റെ ചിരി വീടെത്തിയിട്ടും തീരുന്നില്ല.അവന്‍ എന്നോട് "ചേച്ചി ഈ തിരുട്ടു ഗ്രാമം എന്നൊക്കെ പറയുന്നത്
പോലെ ഡ്രൈവിംഗ് അറിയാത്തചെറുപ്പക്കാരുടെ ഒരു ഗ്രാമം.ഞാന്‍ വരുന്നതും കാത്തു ഇരുപത്തഞ്ചോളം പേര്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുകയായിരുന്നു.ഒരാള്‍ക്ക് മാത്രം ഡ്രൈവിംഗ് അറിയാം .ബാക്കി 24 പേര്‍ ഇതില്‍ പണി പഠിക്കാന്‍ കാത്തിരിക്കുന്നു.പക്ഷെ എല്ലാവര്‍ക്കും ലൈസെന്‍സ്ഉണ്ട് കേട്ടോ?!!"അവരുടെ കൂട്ടായ്മ കൊള്ളാം അല്ലെ?!