2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

ഒളിച്ചുവെച്ച വരികൾക്കിടയിൽ 
ഞെരുങ്ങി മരിച്ച പ്രണയങ്ങളേ , 

ഒഴുക്കി വിട്ട പ്രണയപാച്ചിലുകൾ കണ്ട്‌
 ശപിച്ചൊടുക്കരുതെന്നെ!!!

കോമ്പസ്

അകലുമ്പോൾ ഹൃദയത്തിൽ ,
ഒത്ത നടുക്ക്‌ 
ഒരു മുറിപ്പാടുണ്ടാകുമെന്ന്
പഠിപ്പിച്ചതും നീ!!

ഹൃദയത്തോട്

പകുത്തെടുത്തിട്ടില്ല,
പങ്കുവെച്ചിട്ടുമില്ല!
നിനച്ചിരിക്കുന്നില്ല
നിനക്കുള്ളതൊന്നും.

പിടക്കാതെ പെണ്ണെ
പാന്ഥർ അറിയും നിൻ -
പിടക്കും മനസ്സിൻ വേദന.

മികച്ചതൊന്നില്ല പെണ്ണേ
തമ്മിൽ ഭേദമേയുള്ളു!
മുറുക്കിയുടുത്തോളൂ
വരിഞ്ഞടുപ്പിക്കും മുൻപ്‌!

മൗനം അണകെട്ടുന്നുണ്ട്‌,
പൊട്ടിത്തെറിപ്പിക്കാതെ,
 ഹൃദയം ,പട്ടുനൂൽ പോലെ നേർത്തതാണു
തൊട്ടുനോക്കിയിട്ടുണ്ടോ
 നീ തട്ടിയെടുക്കും മുൻപ്‌?!!

അലങ്കാരപാത്രങ്ങൾ തൂക്കിയിട്ടുണ്ട്‌,
ഭഗിയുള്ളവ പക്ഷെ പൊടിപിടിച്ചത്‌,
മിനുസ്സമുള്ളവ പക്ഷെ കാലം ചെന്നത്‌,
ഭംഗിയും മിനുസ്സവും ഉള്ളത്‌ : 
എനിക്കും നിനക്കും വേണ്ടത്‌!!
പോരുന്നൊ പെണ്ണെ ,

ഒരു മാരത്തൺ ,മനസ്സിൽ നിന്നു മനസ്സിലേക്ക്‌ ,
മാംസത്തിൽ തട്ടി വീഴാതെ
എന്നിൽ നിന്ന് നിന്നിലേക്ക്‌ ?!!

2014 ഏപ്രിൽ 2, ബുധനാഴ്‌ച

വണ്ടിക്കാള

ഒരു വണ്ടിക്കാള പുറപ്പെട്ടിട്ടുണ്ട്‌,

കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ്‌ കൂടെയുണ്ട്‌!

ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!

തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,

കുടിയിലെ കണ്ണുകൾ,

പട്ടിണിയുടെ ആവർത്തനത്തിൽ ,

സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!

കളഞ്ഞുപോയ സ്വപ്‌നങ്ങള്‍

അമാവാസിയിൽ കളഞ്ഞുപോയ
കുറച്ചു സ്വപ്നങ്ങളുണ്ട്‌,
പൗർണ്ണമിയിൽ തിരയുന്നുണ്ടുഞ്ഞാൻ
തിരികെവരാതിരിക്കില്ല!

നിലാവിനുപകരം റാന്തൽ തൂക്കി
സ്വപ്നങ്ങളെ പറ്റിക്കാനായില്ല,

അവക്കു കൂർമ്മബുദ്ധിയാണു!

ഓരോ പൗർണ്ണമിയിലും കാത്തിരിപ്പാണു

സപ്തവർണ്ണങ്ങൾ സൗന്ദര്യംചാർത്തിയ,
പുത്തനുടുപ്പിട്ടെന്റെ
സ്വപ്നങ്ങൾ
വരുന്നതും നോക്കി!!

കറുപ്പും വെളുപ്പും

അന്നുരാത്രി,തോരാതെ പെയ്ത മഴയില്‍
കഴുകിയൊലിച്ചുപോയതു
നമ്മുടെ പാപങ്ങളല്ല!

പാവം ,മൂകസാക്ഷിയാം ഇരുട്ടിന്‍റെ 
കറുപ്പാണ്!

വെളുക്കെച്ചിരിക്കുന്ന പകലിന്റെ-
ആഴത്തില്‍
തിരിച്ചറിയാതെപോയ
വെളുപ്പിന്റെ ശാപം

ഇനിയുമൊരു കുത്തൊഴുക്കില്‍
വന്നുചേരാനിരിക്കുന്ന
കറുപ്പിന്‍റെ
കണക്കെടുക്കലാണിനിയുള്ള
ദിനങ്ങള്‍

ഒരു വേനലില്‍ കരിഞ്ഞുണങ്ങി -
ത്തീരും വരെയുള്ള കണക്കെടുപ്പ്!

നഷ്ടപ്പെട്ട നീലാംബരി

നഷ്ടപ്പെട്ട നീലാംബരി ...

വീണ്ടും വീണ്ടും വായിക്കാന്‍ കൊതിക്കുന്ന അല്ലെങ്കില്‍ കൊതിപ്പിക്കുന്ന കഥ....
.ലെനിന്‍ രാജേന്ദ്രന്റെ `മഴ`യായ് മനസ്സില്‍ പതിഞ്ഞ കഥ..

ഓരോ വായനയിലും ശാസ്ത്രികളെ നഷ്ടപ്പെട്ടത് വായനക്കാരിക്കാണെന്ന് തോന്നിപ്പിക്കുന്ന വശ്യ മനോഹരമായ കഥ...

അപ്രാപ്യമായ എന്തോ അല്ലെങ്കില്‍ ആരോ എവിടെയോ ഉണ്ടെന്നു നോവിച്ചു പറയുന്ന കഥ...

ഓരോ കഥകളും വായിക്കുമ്പോള്‍ കഥാപാത്രങ്ങളോട്
നമുക്ക് തോന്നുന്ന സഹതാപം,ഇഷ്ടം ,ഇതൊന്നും

യഥാര്‍ത്ഥജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരോട് ഇല്ലെന്നുള്ളത്
ഒരു വിരോധാഭാസം !

മാധവിക്കുട്ടിക്ക് എന്റെ സ്നേഹം .....

ഒരു പെണ്ണിന്‍റെ മോഹം

തുള്ളാതെടി പെണ്ണെ ,തുള്ളാതെടി -
യെന്നു നാണിത്തള്ള
ചൊല്ലിയന്നുതുടങ്ങി-
യൊന്നുറഞ്ഞുതുള്ളാനൊരു മോഹം!

പയ്യെ പറയെടി പയ്യെ-

യെന്നുനേരാങ്ങള അലറി
ചൊല്ലിയന്നുതുടങ്ങി
ദിഗന്തങ്ങള്‍ മുഴങ്ങുമാ
റലറണമെന്നു മോഹം!

പെണ്ണെ മരത്തില്‍ കയറാതെടി
യെന്നുചൊല്ലിയില്ലമ്മ-

യെന്നാലുമാ മൂവാണ്ടന്‍
മാവിന്നുച്ചിയില്‍
കയറിയുച്ചന്റെ തലയില്‍
മൂത്തമാങ്ങയൊന്നു

പറിച്ചുടക്കണമെന്നു മോഹം!

മോഹങ്ങളെല്ലാമടക്കി
വെച്ചൊരുന്നാള്‍
മോഹിക്കാത്ത വേദനയായ്
പുറത്തു വന്നു!

എല്ലാരും ചൊല്ലിയന്നവളുടെ
മോഹങ്ങളെല്ലാം പൂവണിഞെന്ന്!

പുസ്തകത്താളിലെ പ്രസവം

എന്റെ മയിൽപ്പീലിപ്പെണ്ണേ 
നാണമാകുന്നില്ലേ 
നിന്റെ പേറ്റുനോവിങ്ങനെ
കഥകളായും കവിതകളായും
നാട്ടിൽ പാട്ടാകുംബോൾ?
അതോ നിനക്കുമൊരു
'കളിമണ്ണിൽ ' കണ്ണുണ്ടോ?!

കള്ളം

ഈ കൂറ്റാക്കൂറ്റിരുട്ടില്‍ 
ഒരു വെളിച്ചക്കീറു
നിന്‍റെ കള്ളം പൊളിയാന്‍ !

2014 ജനുവരി 5, ഞായറാഴ്‌ച

മേഘം

എത്ര കാലങ്ങളായി നീ ആകാശത്തിനും
ഭൂമിക്കുമിടയിലിങ്ങനെ അലഞ്ഞുതിരിയുന്നു!
ഒന്നുകില്‍ ആകാശത്തോടുചേരുക അല്ലെങ്കിലീ
ഭൂമിയോട് ചേര്‍ന്ന് പാപിയാവുക!

വികലാംഗ

എന്‍റെ കാലിനു കുഴപ്പമില്ല ,
എന്‍റെ കൈകള്‍ക്കും കുഴപ്പമില്ല,
കണ്ണുകള്‍ക്കും ആരോഗ്യമുണ്ട് .
എന്നിട്ടും എന്‍റെ കണ്ണാടി പറയുന്നു
ഞാന്‍ വികലാംഗയെന്നു!!!
 —

മൌനം

മൌനം

മൌനം ഒരു ദ്വീപാണ് ,
ആയിരം ഭാഷകള്‍ കുടില്‍കെട്ടി താമസിക്കുന്ന ദ്വീപ്‌!

മടുപ്പിക്കുന്ന അവധിക്കാലങ്ങളില്‍
തര്‍ക്കങ്ങളില്ലാതെ തെരഞ്ഞെടുക്കുന്ന
വിനോദസഞ്ചാരകേന്ദ്രം !
 

സ്നേഹം

ഞാനും നീയും തമ്മിലുള്ള കരാറാണ് നമ്മുടെ സ്നേഹം ,
വ്യവസ്ഥകള്‍ ലങ്ഘിക്കപ്പെട്ടാല്‍ അവസാനിക്കുന്ന കരാര്‍!

ചിന്ത

ചിന്തകൾക്കു ക്ലാവ്‌ പിടിക്കാറുണ്ടൊ?
എന്തെ മുഖം മ്ലാനമായതു?
ക്ലാവിന്റെ നിറം നിന ക്കൊരു ലഹരി -
യാണെന്നു ഞാനെ ന്നേ തിരിചറിഞ്ഞു!

തൊട്ടാര്‍വാടി

തൊട്ടാല്‍ ഞാന്‍ വാടിപ്പോകുമെന്നറിഞ്ഞിട്ടും
തൊട്ടു നോക്കുന്നു വെറുതെയെന്തിനു നീ!
നിന്റെ സാരിത്തുമ്പിന്‍റെ ഇളംകാറ്റു മാത്രം മതി-
യെനിക്കൊന്നു വാടിത്തളര്‍ന്നുറങ്ങാന്‍ !

- തൊട്ടാര്‍വാടി

2013 ഡിസംബർ 2, തിങ്കളാഴ്‌ച

ആധുനിക ക്ഷണക്കത്ത്

ഞങ്ങളുടെ മകള്‍ ധന്യയും അപ്പുറത്തെ ഉല്പലാക്ഷന്‍ ദമ്പതികളുടെ മകന്‍ രമേഷും തമ്മിലുള്ള `ദുരന്തം` അടുത്ത 18 -ആം തിയ്യതി നടുത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .എല്ലാരും സദ്യയുണ്ട് കുറ്റം പറഞ്ഞു എത്രയും പെട്ടന്ന് രണ്ടാകാന്‍ പ്രാര്‍ഥിച്ചു സ്ഥലം വിടുക.
ഇങ്ങനെയൊരു ക്ഷണക്കത്ത് വിദൂരമല്ല എന്ന് തോന്നുന്നു.വിവാഹ വാര്‍ഷികം ആയാല്‍ എല്ലാരും പറയുക ദുരന്തം നടന്ന വാര്‍ഷികം എന്നാണു.അങ്ങിനെ പറയുന്നവര്‍ ഇങ്ങനെ കത്ത് തയാറാക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?
 

മനുഷ്യനും ബലൂണും

മനുഷ്യന്‍ -ശ്വസിച്ച വായുവിന്നവശിഷ്ടം പുറത്തേക്ക് പോകാത്തിടത്തു അവസാനിക്കുന്നു
ബലൂണ്‍ - ശ്വസിച്ച വായു പുറത്തേക്ക് പോകുന്നിടത്ത് തീരുന്ന ജന്മം !

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു നാടകാനുഭവം

കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത് നാടകമുണ്ടെന്നു അറിഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചു അങ്ങോട്ട്‌ എത്തി.പോയത് വെറുതെ ആയില്ല.സിബി മലയില്‍ ,രാജേന്ദ്രന്‍ ,സന്ധ്യാ രാജേന്ദ്രന്‍,കൈനകരി സര്‍ അങ്ങനെ പ്രമുഖര്‍ എല്ലാം ഉണ്ട്.വക്കം ശക്കീരിനു രാമുകാര്യാട്ട് അവാര്‍ഡും കൈനകരിക്ക് കഴിമ്പ്രം വിജയന്‍ അവാര്‍ഡും സമ്മാനിക്കുന്ന ചടങ്ങ്

നാടക്കത്തെക്കള്‍ കൈനകരി യുടെ പ്രസംഗം ആണ് മികച്ചു നിന്നത് .അദ്ദേഹം അക്കമിട്ടു പറഞ്ഞ ചിലകാര്യങ്ങള്‍ മനസ്സില്‍ തട്ടി.
1.നൂറോളം അവാര്‍ഡുകള്‍ ലഭിച്ചു .ഒന്നും വാങ്ങിയതല്ല,കിട്ടിയതാണ് .
2.സംഗീത നാടക അകടെമിയുടെ പെന്‍ഷന്‍ അതിനുപുറകെ നടക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല.
3.സിബിമലയിലിനോടുള്ള അപേക്ഷ ,തിരക്കഥ നല്ലത് കിട്ടാന്‍ രണ്ടു മൂന്നും വര്‍ഷം കാത്തിരിക്കുന്ന സിബിക്ക് പുതിയ താരങ്ങളെ
കിട്ടാനും അങ്ങനെയൊരു തയ്യാറെടുപ്പ് ആകാം എന്ന്.
4.ഇടതുപക്ഷ സഹയാത്രികനായ ആള്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവാര്‍ഡ്‌ കിട്ടില്ല.അത് മറ്റവര്‍ക്കു കൊടുക്കാം അല്ലെങ്കില്‍ അത് വിളിച്ചു പറയുമെന്ന് പറഞ്ഞു അവര് കൈ ഒഴിയും.മറ്റവര്‍ ഭരിചാലോ ജന്മത്ത് സംഗീതനാടക അകാദെമി അവാര്‍ഡ്‌ ഒരു ഇടതുപക്ഷക്കാരന് കിട്ടുകയുമില്ല.
          ഒരു നല്ല കലാകാരനാവുക അത്ര എളുപ്പമല്ല.മക്ബെത്തിലെ ലേഡി മാക്ബത്ത് നെ അവതരിപ്പിച്ച നടി ശരിക്കും വിസ്മയിപ്പിച്ചു .അവര്‍
ശരിക്കും കഥാപാത്രം ആയി മാറുകയായിരുന്നു.മാക്ബത്തിന്‍റെ  പ്രകടനം ശരാശരിയില്‍ ഒതുങ്ങി.
       സിപിഎം കാരിയായ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി,നാടകോത്സവത്തിന്റെ അവസാനം ഗാനമേള വേണമത്രെ!നീ ഇപ്പറഞ്ഞതിനോക്കെ ഞെട്ടാന്‍ നിന്നാല്‍ നിനക്കതിനെ നേരമുണ്ടാകൂ എന്ന് പറഞ്ഞ്എന്‍റെ ഭര്‍ത്താവ് കയ്യിലുള്ള ബ്രോഷര്‍ എനിക്ക് തന്നു,അതില്‍ കുറിച്ചിരിക്കുന്നു അവസാന പരിപാടി മിമിക്സ് പരേഡ്!

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)